ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പ്രകടന പത്രിക താഴ്‌വരയില്‍ പിറത്തിറക്കി ബിജെപി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവസാനിപ്പിച്ച ആര്‍ട്ടിക്കള്‍ 370 എന്ന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ചരിത്രം മാത്രമാണെന്നും ഇനിയൊരിക്കലും അത് തിരിച്ചുവരില്ലെന്നും ഊന്നിപ്പറഞ്ഞാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ഇനിയൊരിക്കലും അത് പുനസ്ഥാപിക്കപ്പെടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അമിത് ഷാ ഇന്ത്യ സഖ്യത്തിനൊപ്പം മല്‍സരിക്കുന്ന ഫറൂഖ് അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിനെയാണ് ലക്ഷ്യമിട്ടത്.
2019ല്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയ ആര്‍ട്ടിക്കള്‍ 370 അധികാരത്തില്‍ വന്നാല്‍ പുനസ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടനപത്രികയിലുണ്ട്. ഇതിനെ ഖണ്ഡിച്ചു കൊണ്ടാണ് അമിത് ഷായുടെ പ്രതികരണം. 2014 ന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഈ വ്യവസ്ഥ നീക്കം ചെയ്തതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് വ്യക്തമാക്കുന്നതാവും ഈ തിരഞ്ഞെടുപ്പെന്നും അതിലേക്ക് ഉറ്റുനോക്കുന്നെന്നും ബിജെപി വ്യക്തമാക്കുന്നുണ്ട്. ജമ്മുവും കശ്മീരും 2019 ല്‍ ലഡാക്ക് ഉള്‍പ്പെടെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീരിന് ഉടന്‍ സംസ്ഥാന പദവി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടങ്കിലും തിരഞ്ഞെടുപ്പിന് ശേഷം നോക്കാമെന്ന മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തിയ അമിത് ഷാ മുന്‍ സംസ്ഥാനം ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സ്വാതന്ത്ര്യത്തിന് ശേഷം അത് ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. മോദി കാലം സുവര്‍ണ ലിപികളാല്‍ ജമ്മുവിന്റെ ചരിത്രത്തിലെഴുതപ്പെടുമെന്നാണ് അമിത് ഷാ പറയുന്നത്.
2014 വരെ, വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും നിഴല്‍ ജമ്മു കശ്മീരിന് മുകളില്‍ തൂങ്ങിയാടുകയായിരുന്നു. സംസ്ഥാനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാരണങ്ങള്‍ നാടിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും സര്‍ക്കാരുകള്‍ പ്രീണന നയം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യയുടെയും ജമ്മു കശ്മീരിന്റെയും ചരിത്രം എഴുതുമ്പോഴെല്ലാം, 2014 നും 2024 നും ഇടയിലുള്ള വര്‍ഷങ്ങള്‍ ജമ്മു കശ്മീര്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടും.
ആര്‍ട്ടിക്കിള്‍ 370 ന്റെ നിഴലില്‍, വിഘടനവാദികളുടെയും ഹുറിയത്ത് പോലുള്ള സംഘടനകളുടെയും ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ തലകുനിക്കുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും. ഈ 10 വര്‍ഷത്തിനുള്ളില്‍, ആര്‍ട്ടിക്കിള്‍ 370 ഉം 35-എയും ചരിത്രത്തിന്റെ ഭാഗമാക്കി തങ്ങള്‍ മാറ്റിയെന്നും അവ ഇപ്പോള്‍ ഭരണഘടനയുടെ ഭാഗമല്ലെന്നും അമിത് ഷാ പറഞ്ഞു.
Read more
കഴിഞ്ഞ ദിവസം സംസ്ഥാന പദവി ജമ്മുകശ്മീരിന് നല്‍കണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം കണക്കിലെടുത്ത് കൂടിയാണ് അമിത് ഷായുടെ പ്രതികരണം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്നും സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ റംബാനിലെ പൊതു റാലിയില്‍ പങ്കെടുക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. കശ്മീരില്‍ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി എവിടെ വെറുപ്പ് പടര്‍ത്തുന്നുവോ, അവിടെ നമ്മള്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യം ഇവിടെ അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.