ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് സഹതാരം ഹാരി ബ്രൂക്കിനെ പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഗോൾഡൻ ഡക്കും രണ്ടാം ഇന്നിംഗ്‌സിൽ ഒരു റണ്ണിനും പുറത്തായ ബ്രൂക്കിൻ്റെ പ്രകടനമാണ് അദ്ദേഹത്തെ രണ്ടാം സ്ഥാനത്തേക്ക് വീഴ്ത്തിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനം നിലനിർത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ താരതമ്യേന മോശം പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ നാലാം സ്ഥാനത്ത് തുടർന്നു. ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിട്ടും ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. കമിന്ദു മെൻഡിസ്, ടെംബ ബാവുമ, ഡാരിൽ മിച്ചൽ എന്നിവർക്ക് ശേഷം ഒമ്പതാം സ്ഥാനത്തെത്തിയ ഋഷഭ് പന്താണ് ആദ്യ പത്തിലെ രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ.

എന്താണ് ടെസ്റ്റ് ക്രിക്കറ്റിലെ ഫോളോ ഓൺ നിയമം?

വിരാട് കോഹ്‌ലി 20-ാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് 11-ാം സ്ഥാനത്ത് തുടർന്നു. അതേസമയം, രോഹിത് ശർമ്മ ഒരു സ്ഥാനം ഉയർത്തി 30-ാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗില്ലും ഒരു സ്ഥാനം മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 84 റൺസ് നേടിയ കെഎൽ രാഹുൽ 50-ാം സ്ഥാനത്താണ്.

ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ, ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം, മാറ്റ് ഹെൻറി ശ്രദ്ധേയമായ മുന്നേറ്റം നടത്തി രണ്ട് സ്ഥാനങ്ങൾ കയറി ഏഴാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിൻ്റെ ഗസ് അറ്റ്കിൻസൺ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ 15-ൽ 14-ാം സ്ഥാനത്തെത്തി. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ അഞ്ചാം സ്ഥാനത്തും രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തുമാണ്.