അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ രാജ്യസഭയിലെ കുറഞ്ഞ ശമ്പളമുള്ള  ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കുടുംബം

അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ലഭിക്കേണ്ട പെന്‍ഷന്‍ വേണ്ടെന്ന് വെച്ച് അദ്ദേഹത്തിന്റെ കുടുംബം. ഇതുസംബന്ധിച്ച് ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. ഈ പെന്‍ഷന്‍ രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നല്‍കാനാണ് കത്തിലൂടെ ജെയ്റ്റ്‌ലിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നല്‍കാനാണ് ആവശ്യം.

ജെയ്റ്റ്‌ലിയുടെ മനുഷ്യസ്‌നേഹി എന്ന നിലയിലുള്ള ഭൂതകാലം അടിസ്ഥാനമാക്കിയാണ് പെന്‍ഷന്‍ വേണ്ടെന്ന് വെച്ചതെന്നാണ് കുടുംബം കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്‌ലി അന്തരിച്ചത്.

1999 മുതല്‍ രാജ്യസഭാ അംഗമായ അരുണ്‍ ജെയ്റ്റ്‌ലിക്ക്‌ അധിക പെന്‍ഷനായി ലഭിക്കുന്ന 22,500 രൂപയടക്കം മാസത്തില്‍ 50,000 രൂപായാണ് പെന്‍ഷനായി ലഭിച്ചിരുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്റെ 50 ശതമാനമാണ് ലഭിക്കുക. ഇതനുസരിച്ച് ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് മാസത്തില്‍ 25000 രൂപയാണ് ലഭിക്കേണ്ടത്.