'അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം സ്‌റ്റേ ചെയ്തു'; ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജയിലിൽ തുടരും

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. റൗസ് അവന്യൂ കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് ജാമ്യം സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

നിലവിൽ കെജ്‌രിവാളിന് അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ഇരുപക്ഷത്തിൻ്റെ വാദംകേട്ട ശേഷമാണ് കോടതി ജാമ്യം സ്‌റ്റേ ചെയ്തത്. ഇഡി സമർപ്പിച്ച സ്‌റ്റേ അപേക്ഷയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്‌രിവാൾ വീണ്ടും ജയിലിൽ തുടരേണ്ടി വരും. രണ്ടോ മൂന്നോ ദിവസത്തിനുള്ള അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

ഇന്ന് ഉച്ചയോടെ കെജ്‌രിവാൾ ജയിൽ മോചിതനായി പുറത്തിറങ്ങുമെന്നായിരുന്നു എഎപി യുടെ പ്രതീക്ഷ. ഇന്നലെയായിരുന്നു റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്‌ജി ന്യായ്‌ ബിന്ദു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് രാവിലെ ഇഡി ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൽക്കാലികമായി ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു.