'പെട്രോൾ വില കൂടാനിടയാക്കിയത് ഷാജഹാന്റെ തെറ്റായ തീരുമാനം'; മോദിയെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

ഷാജഹാൻ താജ്മഹൽ നിർമിച്ചതാണ് രാജ്യത്ത് പെട്രോൾ വില കൂടാൻ കാരണമായതെന്ന് പരിഹസിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി എം.പി. രാജ്യത്ത് പെട്രോൾ വില കൂടാനിടയാക്കിയത് താജ്മഹൽ നിർമിച്ചതാണെന്നും അല്ലെങ്കിൽ പെട്രോൾ ലിറ്ററിന് 40 രൂപ നിരക്കിൽ കിട്ടിയേനേയെന്നും അദ്ദേഹം പറഞ്ഞത് എഐഎംഐഎം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.

കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഒവൈസി ആക്ഷേപ ഹാസ്യത്തിലൂടെയാണ് പ്രതികരിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഭരണ കക്ഷിയായ ബിജെപി മുഗളന്മാരെയും മുസ്‌ലിംകളെയും കുറ്റപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഒവൈസി കേന്ദ്രത്തെ പരിഹസിച്ചത്.

”രാജ്യത്തെ യുവാക്കൾ തൊഴിൽരഹിതരാണെന്നും. പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ലിറ്ററിന് 102 രൂപയ്ക്കാണ് വിൽക്കുന്നത്. എല്ലാത്തിനും ഉത്തരവാദി ഔറംഗസേബാണ്. തൊഴിലില്ലാത്തതിന് അക്ബറാണ്‌ കാരണക്കാരൻ. പെട്രോൾ ലിറ്ററിന് 102ഉം 115ഉം രൂപയായതിന് ഉത്തരവാദി താജ്മഹൽ നിർമിച്ചയാളാണന്നും  ഒവൈസി പറഞ്ഞു.

Read more

”ഷാജഹാൻ താജ് മഹൽ പണിതിരുന്നില്ലെങ്കിൽ പെട്രോൾ 40 രൂപയ്ക്ക് ലഭിക്കുമായിരുന്നു. പ്രധാനമന്ത്രീ… താജ് മഹലും ചെങ്കോട്ടയും നിർമിച്ച ഷാജഹാൻ തെറ്റ് ചെയ്തതായി ഞാൻ അംഗീകരിക്കുന്നു. അദ്ദേഹം ആ പണം സൂക്ഷിച്ച് വെച്ച് മോദിജിക്ക് 2014ൽ കൈമാറേണ്ടിയിരുന്നു. എല്ലാ കാര്യത്തിനും മുസ്‌ലിംകളാണ് ഉത്തരവാദികൾ, മുഗന്മാരാണ് കാരണക്കാർ എന്നാണ് അവർ പറയുന്നത്” ഒവൈസി പറഞ്ഞു. ഇന്ത്യ നമ്മുടെ പ്രിയ രാജ്യമാണ്. ഒരിക്കലും ഇന്ത്യ വിടില്ല. വിട്ടുപോകാൻ നിങ്ങൾ എത്ര മുദ്രാവാക്യം ഉയർത്തിയാലും ഞങ്ങൾ നാട് വിടില്ലന്നും  ഇവിടെ ജീവിച്ച്  മരിക്കുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.