കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരാമര്‍ശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍; പ്രതികാരമെന്ന് ആരോപണം

കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരമര്‍ശത്തില്‍ പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. 13 വര്‍ഷം പഴയ കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സമൂഹത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ പരാതില്‍ എടുത്ത കേസിലാണ് അരുന്ധതിയെയും കശ്മീര്‍ കേന്ദ്രസര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കിയത്.

രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സമിതി (സിആര്‍പിപി) 2010 ഒക്ടോബര്‍ 10ന് ഡല്‍ഹി എല്‍ടിജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആസാദി- ദി ഒണ്‍ലി വേ’ പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഔദ്യോഗികമായി 2010 ഒക്ടോബര്‍ 28ന് സുശീല്‍ പാണ്ഡെ വിവരവകാശ പ്രവര്‍ത്തകന്‍ തിലക്മാര്‍ഗ് പൊലീസിന് പരാതി നല്‍കി. പ്രസംഗത്തില്‍ കശ്മീരിനെ അടര്‍ത്തിമാറ്റണമെന്നത് ഉള്‍പ്പെടെയുള്ള വിവാദപരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. ഈ പരാതിയില്‍ നവംബര്‍ 27ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് യുഎപിഎ നിയമത്തിലെ 13-ാം വകുപ്പ് ചുമതി കേസെടുത്തു. അരുന്ധതി റോയിയും ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനും ഐപിസി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് ലെഫ്. ഗവര്‍ണര്‍ അറിയിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ നടപടി പ്രതികാരത്തിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ വിവിധ ഇടങ്ങളില്‍ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.