'ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം ഹറാം'; അവരെ വിവാഹം കഴിക്കരുതെന്ന് ഫത്‌വ

വിവാഹം കഴിക്കുമ്പോള്‍ ബാങ്ക് ജീവനക്കാരെയോ അവരുടെ ബന്ധുക്കളെയോ വധൂവരന്മാരായി തിരഞ്ഞെടുക്കരുതെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് ഫത്‌വ. ശമ്പളമായി ബാങ്കില്‍നിന്ന് ലഭിക്കുന്നത് “ഹറാം” ആയ പണമായതിനാലാണ് ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലിം മതപഠന സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദ് ആണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

“ഹറാം” ആയ പണമാണ് ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളുടെ വരുമാനം. അത്തരം കുടുംബങ്ങളിലുള്ളവര്‍ ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ജീവിക്കുന്നത്. അവര്‍ ദൈവഭയമില്ലാത്തവരും സദാചാരനിഷ്ഠയില്ലാത്തവരുമാണ്. അത്തരമൊരു കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്. ദൈവഭയമുള്ള കുടുംബത്തില്‍നിന്ന് മാത്രമേ വിവാഹം പാടുള്ളൂ- ഫത്‌വ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ മകളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ദാറുല്‍ ഉലൂം ഫത്‌വ ഇറക്കിയിരിക്കുന്നത്.

പണ ഇടപാടുകളില്‍ പലിശ ഈടാക്കുന്നതും ലാഭം മുന്‍നിര്‍ത്തി കച്ചവടങ്ങളില്‍ പണം നിക്ഷേപിക്കുന്നതും മുസ്ലിം മതനിയമ പ്രകാരം തെറ്റാണ്. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന അധിക പണത്തെ ഹറാം ആയാണ് ഇസ്ലാം കാണുന്നത്.