റെയ്ഡ്; ആദായനികുതി വകുപ്പിനോട് പൂര്‍ണ സഹകരണമുണ്ടാകുമെന്ന് ബി.ബി.സി, പ്രതികരണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

ഓഫീസുകളില്‍ നടത്തുന്ന ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പൂര്‍ണസഹകരണമുണ്ടാകുമെന്ന് അറിയിച്ച് ബിബിസി. ട്വിറ്ററിലൂടെയാണ് ബിബിസി ഈ കാര്യം വ്യക്തമാക്കിയത്. എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു. എഴുപതോളം പേരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘമാണ് ബിബിസി യുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലേക്ക് പരിശോധനയ്ക്കെത്തിയത്.


രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു പരിശോധനയ്ക്കെത്തിയതെന്ന് അറിയിച്ചു. റെയ്ഡിനെിരെ വിമര്‍ശനവുമായി പത്ര പ്രവര്‍ത്തക സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തി.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ; ദി മോദി ക്വസ്ററ്യന്‍’ ആഴച്ചകള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി ഓഫീസുകളില്‍ റെയ്ഡ്.

അതേസമയം, ബിബിസി ഓഫീസുകളിലെ ആദായ വകുപ്പിന്റെ നികുതി നടപടികളോട് പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.