ഉപതിരഞ്ഞെടുപ്പ് വന്നാല്‍ വയനാട് സീറ്റ് വേണം; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബി.ഡി.ജെ.എസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഡിജെഎസ്. വയനാട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും.

ഇന്ന് ഡല്‍ഹിയില്‍ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ വയനാട്ടില്‍ മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തുകയാണ് കോണ്‍ഗ്രസ്.

ഒരാഴ്ചയ്ക്കകം സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയില്‍ നിന്നും അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ ലഭിച്ചില്ലെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.