കുട്ടികളുടെ കൈയിലിരിക്കുന്ന വസ്തുക്കള്‍ ശ്രദ്ധിക്കുക; നാല് വയസുകാരിയുടെ ജീവനെടുത്തത് പേന

കുട്ടികള്‍ക്ക് കളിക്കാന്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ സാധാരണയായി നല്‍കാറില്ലെങ്കിലും പേന പോലുള്ള വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ സാധാരണയായി ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള ഒരു അപകട വാര്‍ത്തയാണ് തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് പുറത്തുവരുന്നത്. പേന തലയില്‍ തറച്ചുകയറി നാല് വയസുകാരിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഭദ്രാചലം സുഭാഷ് നഗറില്‍ യുകെജി വിദ്യാര്‍ത്ഥിനിയായ റിയാന്‍ഷികയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സോഫയില്‍ പേനയുമായി ഇരുന്ന കുട്ടി അബദ്ധത്തില്‍ താഴെ വീണ് അപകടം സംഭവിക്കുകയായിരുന്നു. താഴെ വീഴുമ്പോള്‍ കുട്ടിയുടെ കൈയിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറുകയായിരുന്നു.

പേനയുടെ പകുതിയോളം കുട്ടിയുടെ തലയില്‍ തറച്ചതായി ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ ചെവിയ്ക്ക് മുകളിലായാണ് പേന തറച്ചത്. സംഭവം നടന്ന ഉടന്‍തന്നെ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഖമ്മമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ തലയില്‍ നിന്ന് പേന നീക്കം ചെയ്ത ശേഷം ചികിത്സയിലിരുന്ന കുട്ടി കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിക്കുകയായിരുന്നു.