കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കോവിഡ് കാലത്ത് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ബിഎസ് യെദ്യൂരപ്പ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
കര്‍ണാടകയിലെ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യെദ്യൂരപ്പയുടെ അഴിമതി മൂടിവയ്ക്കുകയാണെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറയുന്നു. ബസനഗൗഡ നിരന്തരം യെദ്യൂരപ്പയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് 45രൂപ വിലയുള്ള മാസ്‌ക് 485 രൂപ നല്‍കി വാങ്ങിയതായി ബസനഗൗഡ ആരോപിക്കുന്നു.
ബംഗളൂരുവില്‍ മാത്രം മഹാമാരി കാലത്ത് പതിനായിരം ബെഡ്ഡുകള്‍ വാടകയ്‌ക്കെടുത്തു. 20,000രൂപ നിരക്കില്‍ ആണ് ബെഡ്ഡുകള്‍ വാടകയ്‌ക്കെടുത്തത്. ഈ വിലയ്ക്ക് സര്‍ക്കാരിന് പുതിയ ബെഡ്ഡുകള്‍ സ്വന്തമായി വാങ്ങാമായിരുന്നു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് മുമ്പാകെ അഴിമതിയുടെ എല്ലാ രേഖകളും ഉണ്ടെന്നും ബസനഗൗഡ കൂട്ടിച്ചേര്‍ത്തു.
തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും തന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തലവനാക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധരാമയ്യ സര്‍ക്കാരിനെ സമീപിച്ചതായി ബസനഗൗഡ പറഞ്ഞു. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അഴിമതി പുറത്തുകൊണ്ടുവരാന്‍ താത്പര്യമില്ലെന്നും ബസനഗൗഡ ആരോപിക്കുന്നു.
Read more
യെദ്യൂരപ്പയുടെ മകന്‍ പിവൈ വിജയേന്ദ്ര ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബസനഗൗഡ യെദ്യൂരപ്പയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ട്.