ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ ആസൂത്രണങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. അതിൽ പ്രധാനം ഇത്തവണ ദക്ഷിണേന്ത്യ പിടിച്ചടക്കാൻ കേന്ദ്ര നേതാക്കള്‍ തന്നെ മത്സരരംഗത്തിറങ്ങുമെന്നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ മത്സരിക്കാനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചർച്ചകളെ ശരിവയ്ക്കുന്ന പ്രതികരണമാണ് തമിഴ്നാട് ബിജെപിയും നൽകുന്നത്.
ബിജെപിയുടെ മിഷൻ സൗത്തിന്റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം പരന്നിട്ട് നാളുകളായി. മോദി തമിഴ്നാട്ടിലും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്‍ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും. തമിഴ്നാട് ബിജെപി മോദിയുടെ വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.
Read more
എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ആറുമാസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നൽകിയത്. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം പിന്നീട് വലിയ രീതിയിൽ ചർച്ചയായിരുന്നു.