ബിഹാറിൽ ആഹ്ളാദ പ്രകടനത്തിനിടെ മുസ്ലിം പള്ളി നശിപ്പിച്ച്‌ ബി.ജെ.പി അനുയായികൾ

ബിഹാറിൽ കിഴക്കൻ ചമ്പാരനിലെ ജാമുവ എന്ന ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ മുസ്ലിം പള്ളി നശിപ്പിച്ച്‌ ബിജെപി അനുയായികൾ. പള്ളിക്കുള്ളിൽ മഗ്‌രിബ് പ്രാർത്ഥന നടത്തുകയായിരുന്ന അഞ്ച് പേർക്ക് ആക്രമണത്തെ തുടർന്ന് സാരമായി പരിക്കേറ്റതായി ദി വയർ റിപ്പോർട്ട് ചെയ്തു. ഉടലിൽ ഏറ്റ പരിക്കുകൾക്ക് പുറമെ, മൂന്നുപേർക്ക് തലയ്ക്ക് പരിക്കേറ്റു, ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾക്ക് മൂക്കിന് പരിക്കേറ്റു. നിരവധി വാഹനങ്ങളും നശിപ്പിച്ചു. പള്ളിയുടെ മൈക്കും അതിന്റെ രണ്ട് കവാടങ്ങളും അക്രമികൾ തകർത്തു.

ഏകദേശം 20-25 കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ മുസ്ലിം ജനസംഖ്യയാണ് ജാമുവയിൽ ഉള്ളത് അതേസമയം 500 കുടുംബങ്ങളുള്ള ഒരു വലിയ ഹിന്ദു ജനസംഖ്യ ഇവിടെയുണ്ട്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി നേതാവ് പവൻ കുമാർ ജയ്‌സ്വാൾ വിജയിയായ ധാക്ക നിയമസഭാ സീറ്റിലാണ് ജാമുവ ഗ്രാമം ഉൾപ്പെടുന്നത്.

മഗ്‌രിബ് നമസ്കാരത്തിനിടെ പള്ളിക്ക് കല്ലെറിഞ്ഞതായി പള്ളി പരിപാലകൻ മസ്ഹർ ആലം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പവൻ ജയ്‌സ്വാളിന്റെ വിജയം ആഘോഷിക്കുന്ന അഞ്ഞൂറോളം പേർ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. പള്ളിയുടെ അടുത്തെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി. അവർ പള്ളിയുടെ കവാടങ്ങളും മൈക്കും തകർത്തു. ‘ജയ് ശ്രീ റാം’ എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് അക്രമിക്കപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യം നിങ്ങളുടേതല്ല, നിങ്ങൾ ഈ രാജ്യം വിട്ട് പോവുക എന്ന് അക്രമികൾ പറയുന്നുണ്ടായിരുന്നു. മുസ്ലിം കുടുംബങ്ങൾ ഇപ്പോൾ ഭയന്നിരിക്കുകയാണ്, എന്നാൽ ആരെയും ഉപദ്രവിക്കാൻ അനുവദിക്കില്ല എന്നും ഭരണകൂടം കൂടെ ഉണ്ടെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ധാക്ക പി എസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭയ് കുമാർ സ്ഥിരീകരിച്ചു. പ്രദേശത്തെ ബിജെപി അനുഭാവികൾ ഒരു “വിജയ് ജൂലൂസ്” (വിജയ ഘോഷയാത്ര) നടത്തുകയായിരുന്നു. പള്ളിക്കടുത്തു എത്തിയപ്പോൾ ഇവർ മൈക്ക് ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചു. മഗ്‌രിബ് നമസ്‌കാരം നടക്കുന്നതിനാൽ മൈക്ക് നിർത്തണമെന്ന് പള്ളിക്ക് പുറത്തുള്ള ഒരു കടയുടമ അവരോട് ആവശ്യപ്പെട്ടു, പക്ഷേ അവർ അത് ശ്രദ്ധിച്ചില്ല, ഇത് വാക്ക് തർക്കത്തിനിടയാക്കി, തുടർന്ന് റാലിയിലെ ആളുകൾ പള്ളിയിലേക്ക് കല്ലെറിയാൻ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.