നീറ്റ് യുജി പരീക്ഷാ ക്രമക്കേട് രാജ്യത്ത് കത്തുന്നു; അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇന്നത്തെ നീറ്റ് പി.ജി പരീക്ഷകളും മാറ്റിവച്ചു

വിവാദമായ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ബിഹാര്‍ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. കേസില്‍ മുഖ്യ പ്രതിക്കായി തിരച്ചില്‍ നടക്കുകയാണ്.

അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഹാര്‍ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറില്‍ നിന്നാണ് ഈക്കാര്യം വ്യക്തമായത്.

അതിനിടെ, ഇന്ന് നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചു. ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.