എഴുപതിലധികം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും ; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ഡല്‍ഹിയില്‍

കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ഡല്‍ഹിയില്‍. ഇലക്ട്രിക് വാഹനങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, സിമന്റ്, സ്റ്റീല്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയടക്കം എഴുപതിലധികം ഉത്പന്നങ്ങളുടെ നികുതി കുറക്കാനുള്ള നിര്‍ദേശം പരിഗണിക്കുമെന്നാണ് സൂചന. ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്‌തേക്കും. 12 ശതമാനം നികുതി സ്ലാബില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടുത്താനാണ് കേന്ദ്രനീക്കം.

റിട്ടേണ്‍ എളുപ്പത്തിലാക്കാന്‍ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ഇ-വേ ബില്ല് നടപ്പിലാക്കിയതിന് ശേഷമുള്ള സ്ഥിതിയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. നികുതി വരുമാനം കുറഞ്ഞ സാഹചര്യവും യോഗം പരിഗണിക്കും. സാമ്പത്തിക വിദഗ്ദരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ബജറ്റില്‍ പരിഗണിക്കും.

2019 ലെ ജനറല്‍ ഇലക്ഷനു മുമ്പുള്ള ആദ്യ ബജറ്റായതിനാല്‍ നിലപാടുകളും തീരുമാനങ്ങളും വിപണിയെ മാത്രമല്ല ബാധിക്കുക. കോര്‍പറേറ്റ് നികുതികള്‍ ഈ ബജറ്റിലെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള കാര്യങ്ങളില്‍ പ്രതീക്ഷ പുരോഗതി ഉണ്ടാവാതിരുന്നതിനാല്‍ തൊഴില്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമോ എന്നും സാമ്പത്തിക വിദഗ്ദര്‍ ഉറ്റുനോക്കുന്നു.