മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ഭായ് ആപ്പ് നിര്‍മ്മിച്ച ആള്‍ അറസ്റ്റില്‍. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്ണോയി (21) എന്നയാള്‍ ആണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്എസ്ഒ ടീം അറിയിച്ചു. അസമില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.
അസമിലെ ജോര്‍ഹട്ടിലെ ജന്മനാട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു. ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് നീരജ്. മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലാണ് നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 21 കാരനായ വിദ്യാര്‍ത്ഥി മായങ്ക് റാവല്‍, 19 കാരിയായ ശ്വേത സിംഗ്, എൻജിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഗിറ്റ്ഹബ് പ്ലാറ്റ് ഫോം ഹോസ്റ്റു ചെയ്യുന്ന ‘ബുള്ളി ബായ്’ ആപ്ലിക്കേഷനില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് അവരെ ലേലത്തിനെന്ന് പരസ്യം വെയ്ക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്തിരുന്നു. വെസ്റ്റ് മുംബൈ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ‘ബുള്ളി ബായ്’ ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ കേസെടുത്തിരുന്നു.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന പ്രമുഖ മുസ്ലിം വനിത മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളുമാണ് ബുള്ളി ബായ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നത്.
Read more
മുഖ്യപ്രതികളില്‍ ഒരാളായ ശ്വേത സിംഗ് ജാട്ട് ഖല്‍സ 07 എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. വിദ്വേഷ പോസ്റ്റുകളും ആക്ഷേപകരമായ ഫോട്ടോകളും കമന്റുകളും അപ് ലോഡ് ചെയ്യുന്നതിനായാണ് ഇത് ഉപയോഗിച്ചത്. ഇവരുമായി ബന്ധപ്പെട്ടിരുന്നവരും സമാനമായ ആശയം പിന്തുടരുന്നവരാണ്. ആകെ മൂന്ന് അക്കൗണ്ടുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ഖല്‍സ സുപ്രിമിസ്റ്റ് എന്ന പേരിലായിരുന്നു വിശാല്‍ അക്കൗണ്ട് തുടങ്ങിയത്. ബുള്ളി ബായ് വിവാദത്തില്‍ അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.