'ഭക്ഷണം ഉപയോഗിച്ച് എന്തും മുറിക്കാം'; നിലയ്ക്കാത്ത മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ 'എയറില്‍' തന്നെ

ബാംഗ്ലൂര്‍-സാന്‍ ഫ്രാന്‍സിസ്‌കോ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് ലഭിച്ച സംഭവത്തില്‍ ക്ഷമാപണവുമായി എയര്‍ ഇന്ത്യ. ജൂണ്‍ 10ന് മാത്യു റെസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് ലഭിച്ചത്. മാതുറസ് പോള്‍ ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.

സാമൂഹ്യ മാധ്യമമായ എക്‌സിലായിരുന്നു ടെലിഗ്രാഫിലെ മാധ്യമ പ്രവര്‍ത്തകനായ മാത്യു റെസ് പോള്‍ ചിത്രം സഹിതം ബ്ലേഡ് ലഭിച്ച സംഭവത്തെ കുറിച്ച് പങ്കുവച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി എയര്‍ ഇന്ത്യയെത്തിയത്.

സംഭവം കാറ്ററിംഗ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്‌റ അറിയിച്ചു. ഭക്ഷണത്തില്‍ ഉപയോഗിച്ച പച്ചക്കറികള്‍ മുറിച്ച ബ്ലേഡ് അറിയാതെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് രാജേഷ് ദോഗ്‌റയുടെ വിശദീകരണം.

മാത്യു റെസ് പോള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ബ്ലേഡ് നാവില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഭക്ഷണം തുപ്പി. തുടര്‍ന്ന് മാത്യു വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാര്‍ മാപ്പ് പറയുകയും ഉടന്‍തന്നെ മറ്റൊരു വിഭവം നല്‍കുകയും ചെയ്തതായി മാത്യു പറയുന്നു.

എയര്‍ ഇന്ത്യയുടെ വിഭവങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ മുറിക്കാമെന്ന വിമര്‍ശനവുമായി പങ്കുവച്ച കുറിപ്പില്‍ തനിക്ക് പകരം ഭക്ഷണം ഒരു കുട്ടിയാണ് കഴിച്ചിരുന്നതെങ്കില്‍ എന്താകും അവസ്ഥയെന്നും മാത്യു ചോദിക്കുന്നു.