സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ അത്താഴവിരുന്നിലൂടെ വിമതനീക്കം നടത്താന്‍ ശ്രമം. കടുത്ത നടപടികളുമായി ഹൈക്കമാന്‍ഡ്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ദളിത് വിഭാഗത്തില്‍നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും വിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചതാണ് വിവാദമായത്.

മുഖ്യമന്ത്രിസ്ഥാനത്തെത്താന്‍ പരമേശ്വര പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുവേണ്ട പിന്തുണയുറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അത്താഴ വിരുന്നെന്ന് സിദ്ധരാമയ്യ പക്ഷം ആരോപിച്ചിരുന്നു. വിഭാഗീയത രൂക്ഷമാകുമെന്നുകണ്ടാണ് ഹൈക്കമാന്‍ഡ് ഇത് വിലക്കിയത്. ഇന്നലെ വൈകീട്ട് വിരുന്ന് നടത്താനായിരുന്നു തീരുമാനം. പരമേശ്വരയുടെ നേതൃത്വത്തില്‍ ചിത്രദുര്‍ഗയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ ദളിത് വിഭാഗത്തിന്റെ വലിയ സമ്മേളനം വിളിക്കാന്‍ നേരത്തേ നിശ്ചയിച്ചിരുന്നു.

Read more

കഴിഞ്ഞ ദിവസം മന്ത്രി സതീഷ് ജാര്‍ക്കിഹോളി ബെംഗളൂരുവിലെ വീട്ടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒരു വിഭാഗം മന്ത്രിമാര്‍ക്കും അത്താഴവിരുന്ന് നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അഭാവത്തിലായിരുന്നു വിരുന്ന്. ശിവകുമാര്‍ ഈ സമയം തുര്‍ക്കി സന്ദര്‍ശനത്തിലായിരുന്നു. ശിവകുമാര്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യമുയര്‍ത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിരുന്ന്. ഇതിനെതിരേ ശിവകുമാര്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. ഇത്തരം കൂടിച്ചേരലുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.