രോഗികളുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് യുപിയിലെ ഡോക്ടര്‍മാര്‍: വൈദ്യുതി ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍

ശസ്ത്രക്രിയക്ക് എത്തിയ രോഗികളുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ ഡോക്ടര്‍മാര്‍. ഓപ്പറേഷന്‍ തിയേറ്ററില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ടോര്‍ച്ച് അടിച്ചു പിടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. ഒറ്റ രാത്രികൊണ്ട് 32 പേര്‍ക്കാണ് ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ണില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കു വിധേയരായവര്‍ക്ക് കണ്ണിനു ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രിയില്‍ വൈദ്യുതി ഇല്ലാതെ വന്നതാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്താന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

തിങ്കളാഴ്ച്ച രാത്രി യുപിയിലെ ഉന്നാവ് ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തിയത്. അഞ്ചു രോഗികളെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യം ഉള്ള കേന്ദ്രമാണിത്. നേത്രശസ്ത്രക്രിയയ്ക്കുവേണ്ട യാതൊരു സൗകര്യവും ഇവിടെയില്ല. സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ 12 മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണമുള്ളൂ എന്ന കാരണത്താല്‍ രാത്രി 7 മണിയോടെ വൈദ്യുതി നിലച്ചു. ജനറേറ്റര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാറില്ല. ഇതോടെ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ശസ്ത്രക്രിയ നടത്തി.

ജഗദംബാ സേവാ സമിതി എന്ന സന്നദ്ധ സംഘടനയാണു കാന്‍പുരില്‍ നിന്നു സൗജന്യ നേത്രശസ്ത്രക്രിയയ്ക്കായി രോഗികളെ കൊണ്ടുവന്നത്. ശസ്ത്രക്രിയക്ക് ശേഷം വെറും തറയിലാണ് ആറു മണിക്കൂര്‍ രോഗികളെ കിടത്തിയതെന്നും പരാതി ഉണ്ട്. അസ്വസ്ഥതയെക്കുറിച്ചു പരാതിപെട്ടതോടെ ഇന്നലെ രാവിലെ രോഗികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.

വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കും എന്ന് യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ രാജേന്ദ്ര പ്രസാദിനേയും, പിഎച്ച്‌സി സുപ്രണ്ടിനെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.