കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം കൂട്ടി; വര്‍ദ്ധന ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തില്‍

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. മൂന്ന് ശതമാനമാണ് ഡി എയിലെ വര്‍ദ്ധന. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. വര്‍ദ്ധനവ് 2022 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിലാണ്.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമാണ് ക്ഷാമബത്ത നല്‍കുന്നത്. ഇത് മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കുന്നതോടെ 34 ശതമാനമായി ഉയരും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് 73,440 രൂപ വാര്‍ഷിക ക്ഷാമബത്ത ലഭിക്കും. ക്ഷാമബത്ത 34 ശതമാനമായി വര്‍ധിപ്പിച്ചാല്‍ ശമ്പളം 73,440 രൂപയില്‍ നിന്ന് 2,32,152 രൂപയാകും.50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിന്റെ ഒരു ഘടകമാണ് ക്ഷാമബത്ത. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് ഇവ പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അര്‍ദ്ധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎ വ്യത്യാസപ്പെടുന്നു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിച്ചത്.

മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ദ്ധനവ്. സര്‍ക്കാരിന് 9544 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് വര്‍ദ്ധനവ്.