കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ. ചൈനയുമായുള്ള അതിർത്തി വിഷയത്തിലാണ് രാഹുൽ, മോദിയെ വിമർശിച്ചത്. നരേന്ദ്ര മോദി സാഹചര്യം നന്നായി കൈകാര്യം ചെയ്തില്ലെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
“ലഡാക്കില്‍ ഡല്‍ഹിയുടെ വലുപ്പത്തില്‍ ചൈനീസ് സൈന്യം ഭൂമി കൈയ്യടക്കിയിട്ടുണ്ട്. ഇതൊരു ദുരന്തമായാണ് ഞാൻ കാണുന്നത്. മാധ്യമങ്ങള്‍ക്ക് ഇതേക്കുറിച്ച് എഴുതാൻ താല്‍പ്പര്യമില്ല. അതിർത്തി രാജ്യം തങ്ങളുടെ 4,000 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയ്യടക്കിയാല്‍ അമേരിക്ക എങ്ങനെ പ്രതികരിക്കും? ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒഴിഞ്ഞുമാറാൻ ഏതെങ്കിലും പ്രസിഡന്റുമാർ തയാറാകുമോ? അതിനാല്‍, ചൈന വിഷയം മോദി നന്നായി കൈകാര്യം ചെയ്തെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചൈനീസ് സൈന്യം ഞങ്ങളുടെ മേഖലയില്‍ തുടരുന്നതിന് ഒരു കാരണവും ഞാൻ കാണുന്നില്ല,” – രാഹുല്‍ വ്യക്തമാക്കി.
2020 മെയ് മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുകയാണ്. അന്ന് കിഴക്കൻ ലഡാക്കിലെ എല്‍എസിയിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതോടെയാണ് ഇരുവിഭാഗങ്ങളും കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചത്. 2020ല്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക വിഭാഗങ്ങള്‍ ഗാല്‍വാനില്‍ ഏറ്റുമുട്ടിയിരുന്നു. 2020 മേയ്ക്ക് ശേഷം ഏകദേശം 50,000 ഇന്ത്യൻ സൈനികരാണ് എല്‍എസിയിലും ഫോർവേർഡ് പോസ്റ്റുകളിലുമായി നിലയുറപ്പിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചു. “ഇന്ത്യയില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ബിജെപിയും ആർഎസ്എസുമായി ആശയപരമായ ഒരു യുദ്ധമാണ് നടക്കുന്നത്. പൂർണമായും വ്യത്യസ്തമായ കാഴ്ചപാടുള്ള രണ്ട് വശങ്ങളാണിത്. എല്ലാവർക്കും മുന്നോട്ട് പോകാൻ സാധിക്കുന്ന ഒരു ആശയത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്ന മതം, നിങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം, നിങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്നിവയുടെ പേരില്‍ ക്രൂശിക്കപ്പെടാത്ത ഒരു സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം” -രാഹുല്‍ പറഞ്ഞു.