ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹൈന്ദവ സംഘടന

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ താക്കീത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നുവെന്നാണ് ജാഗരണ്‍ മഞ്ചിന്റെ ആരോപണം.ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ക്രിസ്ത്യന്‍ സ്കൂളുകള്‍ക്കാണ് ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഹിന്ദു മതത്തില്‍പെട്ട വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്‌കൂളുകള്‍ക്കാണ് സംഘടനയുടെ താക്കീത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്ത്യന്‍ സ്‌കൂളുകളിലെ ഹിന്ദു മതത്തില്‍പെട്ട കുട്ടികള്‍ സമ്മാനങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതാണെന്നും ഇത് അവരെ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടരാക്കുമെന്നും ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അലിഗഡ് പ്രസിഡന്റായ സോനു സവിത ആരോപിച്ചു. ഇത്തരം ആഘോഷങ്ങളെ എതിര്‍ക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സോനു പറഞ്ഞു.

Read more

ഹിന്ദു വിദ്യാര്‍ത്ഥികളുടെ മാനസിക നിലയില്‍ വരെ മാറ്റങ്ങള്‍ വരാന്‍ ഇത്തരം ആഘോഷങ്ങള്‍ കാരണമാകുന്നതായും ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സ്്കൂളുകള്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.