വർണാഭമായി രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം; സൈനിക ബലവും സാംസ്കാരിക പൈതൃകവും വിളിച്ചോതി പരേഡ്

രാജ്യതലസ്ഥാനത്ത് വർണാഭമായി 76ാം റിപ്പബ്ലിക് ദിനാഘോഷം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും അടക്കം പരേഡിൽ ഭാഗമായി. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മുൻനിശ്ചയിച്ചത് പ്രകാരം പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു.

352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ് ഉള്ളത്. സ്വർണിം ഭാരത്,വിരാസത് ഓർ വികാസ് (Golden India: Legacy and Progress) എന്ന ആശയത്തിലാണ് ഇക്കുറി കർത്തവ്യപഥിലെ നിശ്ചലദൃശ്യ പരേഡ് നടന്നത്. പരേഡിൽ ഇത്തവണയും കേരളത്തിന്റെ പ്രാതിനിധ്യമില്ലായിരുന്നു.