'ഉറ'യുടെ പരസ്യ വിലക്ക്: ലൈംഗികതയുടെ അതിപ്രസരമില്ലാത്ത പരസ്യങ്ങള്‍ക്ക് സമയപരിധി വേണ്ട

ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങളില്‍ ലൈംഗികത പ്രകടമല്ലെങ്കില്‍ പകല്‍ സമയത്തും പ്രദര്‍ശിപ്പിക്കാമെന്ന് കേന്ദ്രവാര്‍ത്ത വിനിമയ മന്ത്രാലയം.  രാത്രി പത്ത് മുതലുളള സമയത്ത് മാത്രമെ ഇത്തരം പരസ്യങ്ങളാകാവും എന്ന്  മുന്‍പ് മന്ത്രാലയം ഉത്തരവിട്ടിരുന്നു.  എന്നാല്‍ പുതിയ തീരുമാന പ്രകാരം ലൈംഗികതയുടെ അതിപ്രസരം ഇല്ലാത്ത പരസ്യം  പകല്‍ സമയത്തും പ്രദര്‍ശിപ്പിക്കാം.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമര്‍ശമില്ലാത്തതും പ്രേക്ഷകന് ലൈംഗിക ആരോഗ്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതുമായ പരസ്യങ്ങള്‍ പകല്‍ സമയത്തും പ്രദര്‍ശിപ്പിക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലൂടെ അശ്ലീലവും അനാവശ്യവുമായ വിവരങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ കാണുന്നുവെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു മുന്‍പ് പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഉറകളുടെ പരസ്യം മുതിര്‍ന്നവരെ ഉദ്ദേശിച്ച് കൊണ്ടാവണമെന്നും ഇത് കുട്ടികള്‍ ടിവി കാണുന്ന പ്രൈംടൈമില്‍ കാണിക്കരുതെന്നും ചൂണ്ടിക്കാട്ടി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രേക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമെന്നായിരുന്നു കേന്ദ്രമന്ത്രാലയത്തിന്റെ ന്യായീകരണം.