'മുസ്ലിം നേതാക്കളുടെ ചിത്രമില്ല'; പ്ലീനറി സമ്മേളനത്തിന് കോണ്‍ഗ്രസ് നല്‍കിയ പരസ്യത്തെ ചൊല്ലി വിവാദം; ബി.ജെ.പിവത്കരണമാണ് നടക്കുന്നതെന്ന് ഗുലാം നബി

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നല്‍കിയ പത്രപരസ്യത്തില്‍ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളുടെ ആരുടെയും ചിത്രമില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരി രംഗത്ത. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ച് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തി.

പാകിസ്ഥാന്‍ രൂപീകരണത്തിനെതിരെ പോരാടിയ നിരവധി മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് തിവാരി ചൂണ്ടിക്കാട്ടി. താന്‍ പാര്‍ട്ടി വിട്ടതോടെ ബിജെപിവല്‍ക്കരണമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. പരസ്യത്തില്‍ മൗലാന ആസാദിന്റെ ചിത്രം എവിടെയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

വിവാദങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് എത്തി. ഗുലാം നബി ആസാദിനെ പോലെ മൗലാന അബുള്‍ കലാം ആസാദ് കോണ്‍ഗ്രസിനെ വഞ്ചിച്ചിട്ടില്ല എന്ന് ജയറാം ട്വീറ്ററില്‍ കുറിച്ചു. മൗലാന ആസാദിന്റെ പ്ലീനറി വേദിയിലെ ചിത്രവും ജയറാം ട്വീറ്റ് ചെയ്തു.