'മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധം, ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷമായി മാറും'; വിവാദങ്ങള്‍ വിട്ടൊഴിയാതെ അലഹബാദ് ഹൈക്കോടതി

വിവാദങ്ങള്‍ വിട്ടൊഴിയാതെ അലഹബാദ് ഹൈക്കോടതി. മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ വിധി പറയുന്നതിനിടെ വിവാദ പ്രസ്താവനയുമായി അലഹബാദ് ഹൈക്കോടതി. മതങ്ങളുടെ പേരില്‍ കൂട്ട മതപരിവര്‍ത്തനം അനുവദിച്ചാല്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെതാണ് വിവാദ പ്രസ്താവന.

മതപരിവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിലയിരുത്തല്‍. സംസ്ഥാനത്ത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കോടതിയുടെ വിവാദ പ്രസ്താവന. ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

രാംകാലി പ്രജാപതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ ചികിത്സ വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്നാണ് കൈലാഷിനെതിരെ ഇയാള്‍ നല്‍കിയ പരാതി. ഗ്രാമത്തിലെ നിരവധിപ്പേരെ ഇയാള്‍ ദില്ലിയിലെത്തിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയതായി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഹാമിര്‍പുര്‍ ജില്ലയിലെ മൗദാഹ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് കേസില്‍ കൈലാഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പരിഗണിച്ച കോടതി കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും ദലിതരെയും അനധികൃതമായി മതംമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ മതവിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ വ്യാപകമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഒരു മത വിശ്വാസത്തില്‍ നിന്ന് മറ്റൊരു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്.