വനിതാ ഗുസ്തിതാരങ്ങളുടെ പരാതി; ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി

മുൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി. ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി റൗസ് അവന്യു കോടതിയാണ് ലൈംഗിക പീഡന കുറ്റം ചുമത്തിയത്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ബ്രിജ് ഭൂഷണതിരെ ചുമത്തിയിട്ടുണ്ട്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയിൽ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകൾ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവിൽ വ്യക്തമാക്കി.

ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Read more

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.