സുപ്രീംകോടതിയിലും പാര്‍ലമെന്റിലും പിടിമുറുക്കി കോവിഡ്; 400 ലധികം പേര്‍ പോസിറ്റീവ്

നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു പേര് കൂടി ഇന്ന് പോസിറ്റീവാകുകയായിരുന്നു.

സുപ്രീംകോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. 150 ഓളം പേര്‍ പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുകയാണ്. കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുകയാണ്. 1,59,632 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്.

5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമൈക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1409 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.