ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയപ്രേരിതവും ആണെന്നതിനാൽ കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസിൽ നിന്നും അദ്ദേഹം കുറ്റ വിമുക്തനാവുമെന്ന് ഉറപ്പുണ്ടെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കെജ്രിവാൾ സർക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് നിർഭാഗ്യകരമാണ് എന്നും ഡി.രാജ ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരായ രാജ്യദ്രോഹക്കേസിൽ ഡൽഹി പൊലീസിന് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡി.രാജ. അരവിന്ദ് കെജ്രിവാൾ തന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്ന രീതി അതിശയകരമാണ്. ഈ വീഡിയോകളെല്ലാം വ്യാജമാണെന്ന് കെജ്രിവാൾ 2016- ൽ പറഞ്ഞിരുന്നു. പെട്ടെന്ന്, അദ്ദേഹം എങ്ങനെയാണ് തെളിവുകളെ ആശ്രയിച്ചത്? എന്താണ് ഈ മനസ്സിന്റെ മാറ്റവും രാഷ്ട്രീയത്തിന്റെ മാറ്റവും? അതിശയിപ്പിക്കുന്നതിനേക്കാൾ, ഇത് കെജ്രിവാളിനെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു, ഡി.രാജ പറഞ്ഞു.
ആം ആദ്മി പാർട്ടിയിൽ ഐക്യമില്ലെന്ന് തോന്നുന്നു. അതാണ് ഞാൻ മനസ്സിലാക്കുന്നത്. സ്വന്തം അംഗത്തിനെതിരെ (കൗൺസിലർ താഹിർ ഹുസൈൻ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു, ഡി.രാജ അഭിപ്രായപ്പെട്ടു.
Read more
ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഈ രാഷ്ട്രീയ തിരഞ്ഞെടുപ്പ് – ഒരു വശത്ത് ഭാരത് മാതാ കി ജയ്, വന്ദേമാതരം, മറുവശത്ത് ഇൻക്വിലാബ് സിന്ദാബാദ് എന്നിവ നിലനിൽക്കില്ല. താത്കാലികമായി, ഇത് തനിക്ക് നേട്ടമുണ്ടാക്കുമെന്ന് കെജ്രിവാൾ കരുതുന്നുണ്ടെങ്കിലും അത് നിലനിൽക്കില്ല.
നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ പോരാടും. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കമ്മ്യൂണിസ്റ്റുകളെ ഇതുപോലെ ഭയപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഗൂഢാലോചന, രാജ്യദ്രോഹ കേസുകൾ നേരിട്ട ആദ്യത്തെ കക്ഷി ഞങ്ങളായിരുന്നു. 1925- ലാണ് എന്റെ പാർട്ടി സ്ഥാപിതമായത് … കാൺപൂർ ഗൂഡാലോചന കേസ് ചുമത്തി… ആദ്യത്തെ കോൺഗ്രസിൽ പങ്കെടുക്കുന്നതിന് നിരവധി നേതാക്കൾക്ക് കാൺപൂരിലെത്താൻ കഴിഞ്ഞില്ല… പക്ഷേ ഞങ്ങളുടെ പാർട്ടി സ്ഥാപിതമായി. ഞങ്ങളുടെ പാർട്ടി സ്വാതന്ത്ര്യ സമരത്തിന്റെ മുൻപന്തിയിലായിരുന്നു. മീററ്റ് ഗൂഡാലോചന കേസ് ഉണ്ടായിരുന്നു… മധുര ഗൂഡാലോചന കേസ്… തിരുനെൽവേലി ഗൂഡാലോചന കേസ്… ബ്രിട്ടീഷ് ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരവധി ഗൂഡാലോചന, രാജ്യദ്രോഹ കേസുകൾ നേരിടേണ്ടി വന്നു… ഞങ്ങൾ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയവരാണ്, ഇപ്പോൾ ഞങ്ങൾ ബിജെപി രാജിനെതിരെ പോരാടുന്നു, ഡി രാജ കൂട്ടിച്ചേർത്തു.