രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ 'ചാര്‍ജര്‍' വിരാട് ഇനി വിശ്രമജീവിതം നയിക്കും

2003 മുതല്‍ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു കുതിര വിരാട് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. ഹാനോവേറിയന്‍ ഇനത്തിലുള്ള വിരാടിനെ രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ ‘ചാര്‍ജര്‍’ എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്.

ജനുവരി 15-ന് കരസേനാ ദിനത്തിന്റെ തലേന്ന് വിരാടിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ പദവി ലഭിച്ചിട്ടുണ്ട്. അസാധാരണമായ സേവനത്തിനും കഴിവുകള്‍ക്കും അഭിനന്ദനം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. ഈ വര്‍ഷത്തെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ മെഡലും വിരാടിന് ലഭിച്ചിരുന്നു.

200ഓളം വരുന്ന കുതിരപ്പട യൂണിറ്റിനെ നൂറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വി.ഐ.പികള്‍ക്ക് വേണ്ടിയാണ് നിയോഗിക്കപ്പെട്ടിരുന്നത്.ബ്രിട്ടീഷ് വൈസ്രോയികള്‍ മുതല്‍ ആധുനിക കാലത്തെ രാഷ്ട്രത്തലവന്‍മാര്‍ വരെയുള്ളവര്‍ക്ക് വേണ്ടി ഇവര്‍ നിയോഗിക്കപ്പെടുന്നു.

73ാമത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിന് ശേഷമാണ് വിരാടിന്റെ വിരമിക്കല്‍ രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ പ്രഖ്യാപിച്ചത്. പരിപാടികള്‍ക്ക് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോകുന്നതായിരുന്നു വിരാടിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ചേര്‍ന്ന് വിരാടിന് യാത്രയയപ്പ് നല്‍കി.