ഡല്‍ഹി ബലാത്സംഗങ്ങളുടെ തലസ്ഥാനമോ? രാജ്യതലസ്ഥാനത്ത്നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

ഡല്‍ഹി ബലാത്സംഗങ്ങളുടെ തലസ്ഥാനമാകുന്നുവോ എന്ന ചോദ്യത്തിലേക്ക് വീണ്ടും വീണ്ടും വിരല്‍ ചൂണ്ടുകയാണ് അവിടെ നടക്കുന്ന സംഭവങ്ങള്‍. ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നുവെന്ന് പൊലീസ മേധാവി അമൂല്യ പട്‌നായിക് പ്രസ്താവനയിറക്കിയതിന്റെ തൊട്ടുപിന്നാലെയാണ് 15 കാരിയെ പാര്‍ക്കില്‍ വച്ച് ആറുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.രാജ്യം സ്ത്രീ സുരക്ഷയ്ക്ക് ഇത്രമേല്‍ പ്രധാന്യം നല്‍കുമ്പോഴും, സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പട്ടാപ്പകല്‍ പോലും സ്ത്രീകളും കൊച്ചുകുട്ടികള്‍ പോലും സുരക്ഷിതരല്ലെന്നാണ് ഇത്തരം വാര്‍ത്തകള്‍ വ്യക്തമാകുന്നത്.

മന്ദന്‍വേലിയില്‍ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ ആറുപേര്‍ ബലംപ്രയോഗിച്ച് പീഡനത്തിനിരായാക്കിയത്. ദിവസങ്ങളായി ഈ ആറുപേര്‍ കുട്ടിയെ നിരീക്ഷിക്കുകയും അവസരം വന്നപ്പോള്‍ കുട്ടിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ കുട്ടിയെ ബലംപ്രയോഗിച്ച് മദ്യം നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസിന്റെ രേഖകളിലുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിക്കവെ നിര്‍ഭയ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. 16 വയസ്സുകാരന്‍ ഉള്‍പ്പടെ ആറ് പേരാണ് നിര്‍ഭയ കേസില്‍ പ്രതികളായിരുന്നത്. നിര്‍ഭയക്ക് നീതി ലഭിക്കാന്‍ വേണ്ടി രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളെല്ലാം ഓരോ വര്‍ഷം പിന്നിടുമ്പോഴും കെട്ടടങ്ങുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് ഡല്‍ഹിയിലാണെന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഡല്‍ഹിയാണെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നത്. 2016 ല്‍ 13,803 പീഡനകേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ലെ കണക്കുകള്‍ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ ക്രമാതീതമായ വര്‍ധനവും ഡല്‍ഹിയില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിലൊരു പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളുടെ കണക്കുകള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ പുലര്‍ത്തുന്ന മൗനം ക്ഷമിക്കാന്‍ പറ്റാത്ത തെറ്റായി മാറുകയാണ്.

അതിലെല്ലാം ഉപരി, നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങള്‍ അവിടുത്തെ സ്ത്രീകളോട് ഇന്ത്യ വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയെ മുദ്രകുത്തിയാണ് അവര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭീകരവാദം പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രങ്ങളും നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് അമേരിക്കയുടെ യാത്രനിര്‍ദ്ദേശങ്ങളിലാണ് പറഞ്ഞിരിക്കുന്നത്.