ഒടുവിൽ ഡൽഹിയിലെ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 62.59 ശതമാനമാണ് ഇന്നലെ ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിലെ പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതലാണ് ഇത്. 2015 ലെ 67.5 ശതമാനത്തെ അപേക്ഷിച്ച് ഇത് കുറഞ്ഞ പോളിംഗ് കണക്കാണ്. സൂക്ഷ്മ പരിശോധന നടത്തിയത് കൊണ്ടാണ് പോളിംഗ് ശതമാനം പുറത്തുവിടാൻ കാലതാമസം വന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

“ഇത് ഒരു പ്രക്രിയയാണ്, അത് അന്തിമമാകുമ്പോൾ അത് നിങ്ങളുമായി പങ്കിടുന്നു,” മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗ് പറഞ്ഞു. വിവരങ്ങൾ രാത്രി മുഴുവൻ ശേഖരിക്കേണ്ടതുണ്ടായിന്നു, റിട്ടേണിംഗ് ഓഫീസർമാർ തിരക്കിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read more

വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിലധികം സമയം കഴിഞ്ഞാണ് പോളിംഗ് ശതമാനം പുറത്തു വന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടൽ നടത്താൻ ശ്രമം നടന്നിട്ടുണ്ടെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാർട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. തെളിവുകളെന്ന് വാദിക്കുന്ന രണ്ടു വിഡിയോകൾ മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ അവസാന പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞിരുന്നു. ഈ ആശങ്കകൾക്കിടെയാണ് ഇപ്പോൾ പോളിംഗ് ശതമാനം പുറത്തു വന്നിരിക്കുന്നത്.