ദീപാവലിയ്ക്ക് ശേഷം വളരെ മോശമായിരുന്ന ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടു. ദീപാവലി ദിനം മുതല്‍ പുകമഞ്ഞ് മൂടിക്കിടന്ന നഗരത്തില്‍ തിങ്കളാഴ്ച്ച രാവിലെയോടെ മൂടല്‍ഞ്ഞ് കാണപ്പെട്ടു തുടങ്ങി.
കൃഷിയിടങ്ങളില്‍ തീയിടുന്നതിന്റെ തോത് സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 48 ശതമാനത്തില്‍ എത്തിയെങ്കിലും, മിതമായ ഉപരിതല കാറ്റാണ് ഡല്‍ഹിയുടെ വായുവിന്റെ ഗുണനിലവാരത്തില്‍ പുരോഗതി ഉണ്ടാക്കിയത്.
ഇന്നലെ രാത്രി വരെ ഗുരുതരമായ അവസ്ഥയിലായിരുന്ന ഡല്‍ഹിയിലെ വായുവിന്റെ നിലവാരം നിലവിൽ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. നവംബര്‍ 6ന് ഉച്ചയ്ക്ക് ശേഷം, ഉപരിതല കാറ്റ് മിതമായ രീതിയില്‍ അടിക്കാൻ തുടങ്ങിയത് ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയാന്‍ കാരണമായെന്ന് എയര്‍ ക്വാളിറ്റി പ്രവചന ഏജന്‍സിയായ സഫറിലെ ഡോക്ടര്‍ ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കാറ്റിന്റെ വേഗം വര്‍ദ്ധിക്കും, അത് മലിനീകരണം പുറന്തള്ളി വായുവിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ.ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞു.
പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പി.എം അളവ് ഏകദേശം 48 ശതമാനമാണ്. കാറ്റിന്റെ വേഗം കൂടാന്‍ സാദ്ധ്യതയുള്ളതിനാല്‍ വായുവിന്റെ ഗുണനിലവാരത്തിലും കൂടുതല്‍ പുരോഗതി ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് ഡോ.ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞത്.
അതിനിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാനും പൊടിശല്യം പരിഹരിക്കുന്നതിനുമായി നഗരത്തിലുടനീളം വെള്ളം തളിയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി നൂറിലധികം ടാങ്കറുകളും വിന്യസിച്ചിട്ടുണ്ട്. പുകമഞ്ഞ് ഇല്ലാതാക്കാനായി 20 ആന്റി സ്‌മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
Read more
നിരോധനം ഏര്‍പ്പെടുത്തിയിട്ടും അവ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് ദീപാവലിക്ക് ശേഷം നഗരത്തില്‍ മലിനീകരണം വര്‍ദ്ധിക്കാന്‍ കാരണമായത്. ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായി രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയാണ്, അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദീപാവലിയെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഇത്രയും മോശമാകുന്നത്.