ഡൽഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം; കസ്റ്റഡി തുടരും

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. അതേസമയം സിബിഐ കേസിൽ ജാമ്യം നിലനിൽക്കുന്നതിനാൽ കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാളിൻ്റെ ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തങ്ങൾക്ക് നിർദേശം നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അരവിന്ദ് കെജ്‌രിവാൾ 90 ദിവസത്തെ ജയിൽവാസം അനുഭവിച്ചുവെന്നും കെജ്‌രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നുവെന്നും തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി വിശാല ബെഞ്ചിന് റഫർ ചെയ്തതായും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം സെക്ഷൻ 19, അറസ്റ്റിൻ്റെ ആവശ്യകത എന്നിവ വിശാല ബെഞ്ചിന് വിട്ടിട്ടുണ്ടെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ ഋഷികേശ് കുമാർ പറഞ്ഞു.