യു.പിയിൽ വീണ്ടും പൊളിക്കൽ നടപടിയുമായി അധികൃതർ; പ്രയാഗ് രാജിൽ മുപ്പത് പേർക്കും ഷഹാൻപൂരിൽ പത്ത് പേർക്കും നോട്ടീസ്

പ്രവാചക വിരുദ്ധ പരാമർശത്തെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് യു.പിയിൽ വീണ്ടും പൊളിക്കൽ നടപടികൾ ആരംഭിക്കാനൊരുങ്ങി അധികൃതർ. പ്രയാഗ് രാജിൽ മുപ്പത് പേർക്കും, ഷഹാൻപൂരിൽ പത്ത് പേർക്കും പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി. എഐഎംഐഎം നേതാവ് ഉൾപ്പെടെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കാണ് നോട്ടീസ് നൽകിയത്.

മുൻപും പ്രവാചക വിരുദ്ധ പരാമർശത്തിനെതിരേ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചു നീക്കിയിരുന്നു. യു.പി സർക്കാറിന്റെ ഈ നടപടി ചോദ്യം ചെയ്ത് ജംയത്തുൾ ഉലമ നൽകിയ ഹർജിയിലാണ് യു.പി സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃത്യമായ നിയമ നടപടി സ്വീകരിച്ചിരുന്നെന്നും ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പ്രയാഗ് രാജിലും, കാൺപൂരിലും 1973 ലെ ഉത്തർപ്രദേശ് അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ആക്ട് പ്രകാരം മുൻകൂർ നോട്ടീസ് നൽകിയ ശേഷമാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയത്. പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീടുകൾ പ്രയാഗ് രാജിലും, കാൺപൂരിലും ഉൾപ്പെടെ പൊളിച്ചു നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജംയത്തുൾ ഉലമ സുപ്രീം കോടതിയെ സമീപിച്ചത്.

Read more

തുടർന്ന് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്തില്ലെങ്കിലും, നിയമം പാലിച്ച് മാത്രമേ കെട്ടിടങ്ങൾ പൊളിക്കാൻ പാടുള്ളു എന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും, വിക്രം നാഥും അടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.