മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കര്‍; ഒപ്പം ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും

മഹാരാഷ്ട്രയില്‍ പട്ടിക വര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് എംപിയോടൊപ്പം ഡെപ്യൂട്ടി സ്പീക്കറും എംഎല്‍എമാരും ചാടിയത്.

അജിത് പവാര്‍ എന്‍സിപി പക്ഷത്ത് നിന്നുള്ള ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍, ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. പ്രതിഷേധം നടക്കുന്നതിനാല്‍ കെട്ടിടത്തിന് ചുറ്റും ഫയര്‍ ആന്റ് റെസ്‌ക്യു നേരത്തെ തന്നെ സുരക്ഷ വല ഒരുക്കിയിരുന്നു.

ഈ വലയിലേക്കാണ് ജനപ്രതിനിധികള്‍ എടുത്തുചാടിയത്. വലയില്‍ പതിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഡെപ്യൂട്ടി സ്പീക്കറും ജനപ്രതിനിധികളും വലയിലേക്ക് എടുത്തുചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ തിരികെ മുകളിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്.