ന്യായവില ലഭിച്ചില്ല; വെളുത്തുള്ളി കൂട്ടിയിട്ട് കത്തിച്ച് കര്‍ഷകന്റെ പ്രതിഷേധം

മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ വെളുത്തുള്ളി കത്തിച്ച് യുവകര്‍ഷകന്റെ പ്രതിഷേധം. ലേലത്തിനിടെ ആയിരുന്നു സംഭവം. ന്യായവില ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 160 കിലോ വെളുത്തുള്ളി കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു.

മന്ദ്‌സോറിലുള്ള മണ്ഡിയില്‍ മൊത്തവ്യാപാരികള്‍ക്ക് വെളുത്തുള്ളി വില്‍ക്കാനെത്തിയ ദിയോലിയില്‍നിന്നുള്ള ശങ്കര്‍ സിര്‍ഫിറ എന്ന യുവ കര്‍ഷകനാണ് പൊതു സ്ഥലത്ത് വെളുത്തുള്ളി കത്തിച്ചത്.’ജയ് ജവാന്‍ ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ചു കൊണ്ട് വെളുത്തുള്ളി കൂട്ടിയിട്ട് കത്തിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പെട്ടെന്ന് തന്നെ മണ്ഡിയില്‍ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് കര്‍ഷകരും തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

വെളുത്തുള്ളി ചന്തയിലെത്തിക്കാന്‍ മാത്രം താന്‍ 5000 രൂപ മുടക്കിയെന്നും, എന്നാല്‍ വാങ്ങുന്നവര്‍ 1100 രൂപയാണ് തന്നതെന്നും ശങ്കര്‍ പറഞ്ഞു. ഇതിലും നല്ലത് വെളുത്തുള്ളി കത്തിച്ച് കളയുന്നതാണ്. ഈ സീസണില്‍ വെളുത്തുള്ളി കൃഷി ചെയ്യാന്‍ 2.5ലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍, വിപണിയില്‍നിന്ന് ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണെന്നും ശങ്കര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് മണ്ഡിയില്‍ നിന്ന് കര്‍ഷകനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍, വേറെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാശനഷ്ടങ്ങളൊന്നും സംഭവിക്കാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് വൈ.ഡി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ജിതേന്ദ്ര പതക്ക് അറിയിച്ചു.

ന്യായമായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ആഗസ്റ്റ് മാസത്തില്‍ മൊത്തവിപണിയില്‍ ന്യായമായ വില ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു കര്‍ഷകന്‍ റോഡില്‍ തക്കാളി ഉപേക്ഷിച്ച പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ വീഡിയോയും അന്ന് പ്രചരിച്ചിരുന്നു.