ഭാരത് മാട്രിമോണി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി ചതി നടത്തുകയാണെന്നാരോപിച്ച് യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നാണ് യുവതി പറയുന്നത്. അതേസമയം ഭാരത് മാട്രിമോണി കാണിക്കുന്നത് അഴിമതിയാണെന്നും യുവതി ആരോപിക്കുന്നു.
‘നിത്യ രാജശേഖർ, 35 വയസ്, ബ്രാഹ്മിൻ, അയ്യങ്കാർ, ബി ടെക്- ഫിറ്റ്നെസ് പ്രൊഫഷണൽ’ എന്നാണ് സ്വാതിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പ്രൊഫൈൽ താൻ ഉണ്ടാക്കിയിട്ടില്ലെന്ന് യുവതി പറയുന്നു. സ്വാതിയുടെ ഭർത്താവിനെയും വീഡിയോയിൽ കാണാം. ഇതാണ് തന്റെ ഭർത്താവ് എന്നും തങ്ങൾ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി പറയുന്നു.
View this post on Instagram
ഇത് ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷന്റെ ഭാഗമാണ് എന്നതാണ് സ്വാതിയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രതയോടെയിരിക്കണം എന്നും അവർ പറയുന്നു. തന്റെ ചിത്രം ഉപയോഗിച്ച മാട്രിമോണി ആപ്പിനെതിരെ സ്വാതി പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.