'കൻവഡ് യാത്രാവഴിയിലെ ഹോട്ടലുകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണ്ട'; വിവാദ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

യുപി സര്‍ക്കാരിന്‍റെ വിവാദ ഉത്തരവിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍. കൻവഡ് യാത്രാവഴിയിലെ ഹോട്ടലുകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനാണ് സ്റ്റേ ഏർപ്പെടുത്തിയത്. ഉത്തരവിനെതിരായ ഹര്‍ജികളിൽ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു.

സ്റ്റിസ് ഋഷികേശ് റോയ് എസ്‍വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി. ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സുപ്രിംകോടതി നിർദേശിച്ചു. ഉത്തരവിനെതിരായ ഹര്‍ജികളിൽ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.

ഹോട്ടലുകള്‍ക്ക് ഉത്തരവുകള്‍ നല്‍കേണ്ടത് പൊലീസല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസ് ഉത്തരവ് തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്. പൊലീസിന്റേത് അമിതാധികാര പ്രയോഗമാണെന്ന് വിഷയത്തിലെ ഹർജി പരി​ഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യതയ്ക്ക് വിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.