വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8 മുതൽ 8.5 ശതമാനം വരെ സാമ്പത്തിക വളർച്ച കൈവരിക്കും, നടപ്പ് വർഷം കണക്കാക്കിയ 9.2 ശതമാനം വളർച്ചയിൽ നിന്ന് കുറയുമെന്ന് വാർഷിക സാമ്പത്തിക സർവേ പ്രവചിച്ചു. ബജറ്റ് അവതരണം നാളെ നടക്കാനിരിക്കെയാണ് സാമ്പത്തിക സർവേ അവതരിപ്പിച്ചത്.
ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സർവേ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ) സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 8-8.5 ശതമാനം പ്രതീക്ഷിക്കുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പ്രവചിക്കുന്ന 9.2 ശതമാനം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപ്പാദനം) വളർച്ചയിൽ നിന്നുള്ള ഇടിവാണിത്.
ആരോഗ്യപരമായ ആഘാതം കൂടുതൽ രൂക്ഷമാണെങ്കിലും 2020-21 ലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഘട്ടത്തിൽ അനുഭവിച്ചതിനേക്കാൾ ആദ്യ പാദത്തിലെ “രണ്ടാം തരംഗ”ത്തിന്റെ സാമ്പത്തിക ആഘാതം വളരെ ചെറുതായിരുന്നു എന്ന് മിക്കവാറും എല്ലാ സൂചകങ്ങളും കാണിക്കുന്നതായി സർവേയിൽ പറയുന്നു.
“ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിനും വാക്‌സിനേഷൻ നൽകാനായതിനാൽ സാമ്പത്തിക ഗതി ശക്തിപ്രാപിച്ചിട്ടുണ്ട്. വിതരണ-പരിഷ്കാരങ്ങളുടെ ദീർഘകാല നേട്ടങ്ങൾ വരും ദിനങ്ങളിൽ ഉണ്ടാകും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.0-8.5 ശതമാനം ജിഡിപി വളർച്ചയ്ക്ക് 2022-23ൽ സാക്ഷ്യം വഹിക്കും,” സർവേ പറയുന്നു.
“സർവേ തയ്യാറാക്കുമ്പോൾ, ഒമൈക്രോൺ വകഭേദത്തിന്റെ രൂപത്തിൽ ഒരു പുതിയ തരംഗം ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു, മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കുതിച്ചുയർന്നു, പ്രധാന കേന്ദ്ര ബാങ്കുകൾ പണലഭ്യത പിൻവലിക്കാനുള്ള ചക്രം ആരംഭിച്ചു. അതുകൊണ്ടാണ് ഇന്ത്യയുടെ മാക്രോ എക്കണോമിക് സ്ഥിരത സൂചകങ്ങളും മേൽപ്പറഞ്ഞ സമ്മർദങ്ങൾക്കെതിരെ ഒരു കരുതല്‍ധനം നൽകാനുള്ള അവയുടെ കഴിവും നോക്കേണ്ടത് വളരെ പ്രധാനമായത്,” സർവേ പറയുന്നു.
കൃഷിയും അനുബന്ധ മേഖലകളുമാണ് പകർച്ചവ്യാധി ഏറ്റവും കുറവ് ബാധിച്ചത്, കഴിഞ്ഞ വർഷം 3.6 ശതമാനം വളർച്ച നേടിയ ശേഷം 2021-22 ൽ ഈ മേഖല 3.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
സർവേ അനുസരിച്ച്, സേവന മേഖലയെ പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചു, പ്രത്യേകിച്ച് മനുഷ്യ സമ്പർക്കം ഉൾപ്പെടുന്ന വിഭാഗങ്ങൾ. കഴിഞ്ഞ വർഷത്തെ 8.4 ശതമാനത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ഈ മേഖല 8.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
2021-22ൽ സർക്കാർ ചെലവിൽ നിന്നുള്ള ഗണ്യമായ സംഭാവനകളോടെ മൊത്തം ഉപഭോഗം 7 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു.
Read more
2020-ൽ കൊവിഡ്-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച സർവേയിൽ 6-6.5 ശതമാനം പ്രൊജക്‌ഷനിൽ നിന്ന് 2020-21 കാലയളവിൽ സമ്പദ്‌വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങി.