നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡി നോട്ടീസ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നോട്ടിസ്. രാഹുൽ ഗാന്ധി നാളെയും സോണിയ ​ഗാന്ധി ജൂൺ എട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണിത്.

സോണിയായും രാഹുലും അടുത്ത അനുയായികളും ചേർന്ന് യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ വഴി ഹെറാൾഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി അന്വേഷിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിൻറെ ഡയറക്ടർമാർ. സ്വത്ത് കൈക്കലാക്കുന്നതിനായി ഉണ്ടാക്കിയ കമ്പനി മാത്രമാണ് യങ് ഇന്ത്യൻ എന്നും ആരോപണം ഉയർന്നിരുന്നു.

അതേസമയം കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ടീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.