ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ബാംഗ്ലൂരിൽ നിന്നുള്ള 21 കാരനായ എൻജിനീയറിംഗ് വിദ്യാർത്ഥിയെ മുംബൈ പൊലീസ് സൈബർ സെൽ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ പ്രായം ഒഴികെ ആരാണെന്ന് മുംബൈ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതരായ കുറ്റവാളികൾക്കെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ഗിറ്റ്‌ഹബ് പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്ന ‘ബുള്ളി ബായ്’ ആപ്ലിക്കേഷനിൽ സ്ത്രീകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിന് എന്ന് പരസ്യം വയ്ക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ മുംബൈ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്തിരുന്നു.
ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബർ പൊലീസ് സ്റ്റേഷൻ ‘ബുള്ളി ബായ്’ ആപ്പ് ഡെവലപ്പർമാർക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റർ ഹാൻഡിലുകൾക്കുമെതിരെ കേസെടുത്തു.
Read more
ഡൽഹിയിലെയും മുംബൈയിലെയും പൊലീസുമായി ചേർന്ന് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. വിഷയത്തിൽ ഡൽഹിയിലെയും മുംബൈയിലെയും പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷമായിരുന്നു ഇത്.