മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം തീപിടുത്തം; അന്വേഷണം ആരംഭിച്ച് പൊലീസ്

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ വസതിയ്ക്ക് സമീപം തീപിടുത്തം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ബീരേന്‍ സിങിന്റെ ഔദ്യോഗിക വസതിയ്ക്ക് നൂറ് മീറ്റര്‍ അകലെയാണ് തീപിടുത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ശനിയാഴ്ച വൈകുന്നേരം 4ന് ആയിരുന്നു സംഭവം. ഉടന്‍ തന്നെ നാല് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ഇംഫാല്‍ ലാംബുലൈനിലെ ആളൊഴിഞ്ഞ വീടുകളാണ് കത്തിയതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ് സമുച്ചയം എന്നിവ കൂടാതെ പൊലീസ് ആസ്ഥാനവും സ്ഥിതിചെയ്യുന്നത് അഗ്നിബാധയുണ്ടായ കെട്ടിടത്തിന് സമീപമാണ്.

പൊലീസും അഗ്നിശമന സേനയും തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. സംഘര്‍ഷങ്ങളൊഴിയാത്ത സംസ്ഥാനത്ത് കെട്ടിടത്തിന് ആരെങ്കിലും തീവച്ചതാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.