രാമജന്മഭൂമിക്ക് പിന്നാലെ, ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി മതസംഘടനകൾ തമ്മിൽ തർക്കം

രാമജന്മഭൂമി വിവാദം 2019 നവംബറിൽ സുപ്രീം കോടതി ഒത്തുതീർപ്പാക്കിയതിന് പിന്നാലെ ഇപ്പോൾ ഒരു പുതിയ വിവാദം വാർത്തയായിരിക്കുകയാണ്. ഇത്തവണ ഹനുമാൻ ജന്മഭൂമിയെച്ചൊല്ലിയാണ് തർക്കം. രണ്ട് മതങ്ങൾക്കിടയിലല്ല, മറിച്ച് ആന്ധ്രാപ്രദേശിലും കർണാടകയിലും ഉള്ള രണ്ട് ഹിന്ദു ട്രസ്റ്റുകൾ തമ്മിലാണ് തർക്കം. രണ്ട് വ്യത്യസ്ത സ്ഥലങ്ങളാണ് ഇരുകൂട്ടരും ഹനുമാന്റെ ജന്മസ്ഥലമായി അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ രാമനവമി നാളിൽ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരികമായ പ്രതിഷ്ഠ നടന്ന തിരുമല കുന്നുകളിലെ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമായ അഞ്ജനാദ്രിയിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം) ബുധനാഴ്ച ഒരു ചടങ്ങ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ കർണാടകയിലെ ശ്രീ ഹനുമദ് ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇതിനോട് യോജിക്കുന്നില്ല.

ഹംപിക്കടുത്ത് തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന കിഷ്കിന്ധയിലെ അഞ്ജനഹള്ളിയിലാണ് ഹനുമാൻ ജനിച്ചതെന്ന് വാൽമീകി രാമായണം വ്യക്തമാക്കുന്നു എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. ഈ തർക്കം പരിഹരിക്കാൻ കഴിഞ്ഞ വർഷം മേയിൽ ചർച്ച നടന്നെങ്കിലും ധാരണയിലെത്താനായില്ല.

പുരാതന ഗ്രന്ഥങ്ങളായ പുരാണങ്ങളും ചെമ്പ് ലിഖിതങ്ങളും തിരുമല എന്ന് ഇപ്പോൾ വിളിക്കപ്പെടുന്ന അഞ്ജനാദ്രിയെ ഹനുമാന്റെ ജന്മസ്ഥലമായി വ്യക്തമായി പരാമർശിക്കുന്നു എന്ന് ടിടിഡി ചുമതലപ്പെടുത്തിയ സമിതി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം അന്തരിച്ച ദേശീയ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ വി മുരളീധർ ശർമ്മയുടെ നേതൃത്വത്തിലായിരുന്നു സമിതി.

ഏപ്രിലിൽ ടിടിഡി അഞ്ജനാദ്രിയുടെ അവകാശവാദത്തിന് അടിവരയിടുന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു; 2020 ഡിസംബറിൽ രൂപീകരിച്ച എട്ടംഗ പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലഘുലേഖ തയ്യാറാക്കിയത്. തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ടിടിഡിക്ക് ആറ് പേജുള്ള കത്ത് നൽകി എതിർവാദം നടത്തി.

നിരവധി വേദ, പുരാണ പണ്ഡിതന്മാർ അംഗീകരിച്ച പുരാണ, സാഹിത്യ, പുരാവസ്തു, ഭൂമിശാസ്ത്രപരമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് എന്നാണ് ടിടിഡി പറയുന്നത്, കൂടാതെ തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് തെളിവുകളൊന്നുമില്ലെന്നും ടിടിഡി അവകാശപ്പെടുന്നു.

Read more

“ബുധനാഴ്‌ച ചടങ്ങിൽ പങ്കെടുക്കുന്ന മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള സ്വാമിജിയാണ് തെളിവുകൾ നൽകിയത്,” എന്ന് ടിടിഡി സിഇഒ ജവഹർ റെഡ്ഡി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.