''അതൊരു ജാതിക്കോട്ടയാണ്, ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കും''; മുന്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍

മദ്രാസ് ഐ.ഐ.ടി ഒരു ജാതിക്കോട്ടയാണെന്നും ഭരണഘടനയ്ക്കും നിയമത്തിനും അതീതമായി അവിടെ  സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞ് ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫ. വസന്ത കന്തസാമി. ഐ.ഐ.ടിയില്‍ ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മനഃപൂര്‍വം കുറയ്ക്കുകയാണെന്നും ക്യാമ്പസില്‍ എവിടെ നോക്കിയാലും സവര്‍ണാധിപത്യമെ കാണാന്‍ സാധിക്കൂ എന്നും പ്രൊഫ. വസന്ത പറയുന്നു. ‘നക്കീരന്‍’ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐ.ഐ.ടിയിലെ ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് നേരെ നടക്കുന്ന വിവേചനത്തെ കുറിച്ച് വസന്ത കന്തസാമി പറഞ്ഞത്.

“”ഇരുപത്തിയെട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മുസ്‌ലിങ്ങളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് തയ്യാറാക്കുന്ന റിസര്‍ച്ച് തീസിസുകള്‍ പോലും സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്തു കൊടുക്കുന്ന രീതി അവിടെയുണ്ട്””. ഐ.ഐ.ടി മദ്രാസ് എന്തു കൊണ്ടാണ് ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തത്? ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ഒരു മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. ‘മനു’വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീകളും ദളിതരും വിദ്യ അഭ്യസിക്കരുതെന്നാണല്ലോ അതില്‍ പറയുന്നത്. ദളിത് അധ്യാപകര്‍ക്ക് ക്വാളിഫിക്കേഷന്‍ ഉണ്ടായിട്ടു പോലും പ്രൊഫസര്‍ഷിപ്പ് കൊടുക്കില്ല”” – വസന്ത കന്തസാമി

Read more

ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍’ ആണെന്നാണ് വസന്ത കന്തസാമി പറയുന്നത്. റാങ്ക് ഹോള്‍ഡര്‍ ആയിരുന്ന ഫാത്തിമ പഠനത്തില്‍ പിന്നിലായതു കൊണ്ടാണ്  ആത്മഹത്യ ചെയ്തതെന്ന്  വിശ്വസിക്കാനാവില്ലെന്നും വസന്ത കന്തസാമി വ്യക്തമാക്കി. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യത് ജയിലിലടക്കണമെന്നും പ്രൊഫ. വസന്ത കന്തസാമി പറഞ്ഞു.