പ്രണയ സാഫല്യത്തിന് രാജസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക്; ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങി അഞ്ജു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു തിരികെ ഇന്ത്യയിലെത്തി. വാഗാ ബോര്‍ഡര്‍ വഴിയാണ് യുവതി തിരികെ എത്തിയത്. അഞ്ജുവിനെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചു.

യുവതി ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. ജൂലൈ മാസത്തിലായിരുന്നു അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ലയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് യുവതി അതിര്‍ത്തി കടന്നത്. ഇവര്‍ നസ്റുല്ലയെ വിവാഹം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പേരില്‍ ഖൈബര്‍ മേഖലയില്‍ താമസിക്കുകയായിരുന്നു.

കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭര്‍ത്താവ് അരവിന്ദിനെ അറിയിച്ച ശേഷമാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. എന്നാല്‍ യുവതി പാകിസ്ഥാനിലെത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് വ്യക്തമാക്കിയിരുന്നു. ലാഹോറിലെത്തിയ ദിവസം യുവതി ഭര്‍ത്താവിനെ വിളിച്ച് ലാഹോറിലാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ എത്തുമെന്നും അറിയിച്ചിരുന്നു.

ഇന്ത്യയില്‍ യുവതിയുടെ പാകിസ്ഥാന്‍ പ്രണയത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതിനുശേഷം തങ്ങള്‍ക്ക് വിവാഹിതരാകാന്‍ പദ്ധതിയില്ലെന്നും വിസാ കാലാവധി അവസാനിക്കുമ്പോള്‍ തിരികെ എത്തുമെന്നും അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ ഇരുവരും വിവാഹിതരായി. ഇതേ തുടര്‍ന്ന് അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തു.

Read more

അതേ സമയം സെപ്റ്റംബറില്‍ അഞ്ജു മക്കളെ കാണാന്‍ സാധിക്കാത്തതില്‍ മാനസിക വിഷമത്തിലാണെന്ന് നസ്‌റുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.