ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ; എം.എൻ.എസ് പ്രവർത്തകർ അറസ്റ്റിൽ, മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

മഹാരാഷ്ട്രയില്‍ പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണിയില്‍ ഹനമുമാന്‍ ചാലിസ കേള്‍പ്പിച്ച് എംഎന്‍എസ് പ്രവര്‍ത്തകര്‍. നാസിക്കിലാണ് സംഭവം. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിച്ചാല്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

മെയ് നാലിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പള്ളികളിലെയും ഉച്ചഭാഷണി നീക്കം ചെയ്യണമെന്നായിരുന്നു രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കില്‍ ബാങ്ക് വിളിയുടെ ഇരട്ടി ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി.

സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ അവധിയില്‍ പോയ പൊലീസുകാരെ ഉള്‍പ്പെടെ തിരികെ വിളിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അക്രമം അഴിച്ചുവിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഔറംഗാബാദില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് രാജ് താക്കറെയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 പ്രകാരമാണ് കേസെടുത്തത്. റാലിയുടെ സംഘാടകരായ മൂന്ന് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.