ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത യുവാവിന് ഒരു ലക്ഷം പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ ഭൂമിയിലെ ക്ഷേത്രത്തിന്റെ അവകാശത്തെ സംബന്ധിച്ചുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹനുമാനെ കക്ഷി ചേര്‍ത്തത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി അങ്കിത് മിശ്രയ്ക്കാണ് കോടതി ഒരു ലക്ഷം പിഴ ചുമത്തിയത്.

ദൈവം തന്റെ ഒരു കേസില്‍ കക്ഷിയായി എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സി ഹരിശങ്കര്‍ പറഞ്ഞത്. സ്വകാര്യ ഭൂമിയില്‍ നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ പതിവായി പ്രാര്‍ത്ഥിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നതായും ഇതിനാല്‍ ക്ഷേത്രത്തിന്റെ അവകാശം മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ വിചാരണ കോടതിയെ സമീപിച്ചത്.

സ്ഥലം ഭഗവാന്‍ ഹനുമാന്റേതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തും ഭക്തനുമായാണ് താന്‍ ഹാജരാകുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വിചിത്ര വാദം. എന്നാല്‍ വിചാരണ കോടതി ഇയാളുടെ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് അങ്കിത് മിശ്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സൂരജ് മാലിക്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നതെന്നും ക്ഷേത്രം അവിടെയുള്ളതിനാല്‍ സൂരജിന്റെ ഉടമസ്ഥാവകാശം തള്ളിക്കളയാനാകില്ലെന്നുമായിരുന്നു വിചാരണ കോടതിയുടെ വിധി. വിചാരണ കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി അങ്കിതിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ഇയാള്‍ക്ക് പിഴ വിധിക്കുകയായിരുന്നു.

പിഴ തുക സൂരജിന് നല്‍കാനാണ് ഹൈക്കോടതി വിധിച്ചത്. കുറച്ച് ആളുകള്‍ ആരാധന നടത്തുന്നുവെന്ന കാരണത്താല്‍ ക്ഷേത്രം നിലകൊള്ളുന്ന സ്ഥലം പൊതുസ്വത്തായി കണക്കാക്കാന്‍ സാധിക്കില്ല. അത്തരമൊരു നീക്കത്തെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.