ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ജെ.എം.എം.-കോണ്‍ഗ്രസ്-എല്‍ജെഡി സഖ്യം 81 അംഗ സഭയില്‍ 47 സീറ്റുകളോടെയാണ് അധികാരത്തിലേറുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്ന്ക്കൊണ്ടിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനുള്ള വേദി കൂടി ആയി മാറും സത്യപ്രതിജ്ഞ ചടങ്ങ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എന്‍.സി.പി.നേതാവ് ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്,സിപിഐ നേതാവ് കനയ്യ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപി നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹേമന്ത് സോറനൊപ്പം ഇന്ന് രണ്ട് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരാള്‍ ജെ.എം.എമ്മില്‍ നിന്നുമായിരിക്കും. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് അധ്യക്ഷന്‍ രാമേശ്വര്‍ ഒറോവനാകും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ജെ.എം.എമ്മില്‍ നിന്ന് മുതിര്‍ന്ന നേതാവ് സ്റ്റീഫന്‍ മറാണ്ടിയും മന്ത്രിയാകും.