ബജറ്റ് പെട്ടിക്ക് പിന്നിലൊരു കഥയും രഹസ്യവുമുണ്ട്!

ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മന്ത്രിമാര്‍ എത്തുമ്പോള്‍ കൊണ്ടുവരുന്ന പെട്ടി ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാണിക്കുന്ന ചിത്രമാകും ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കൂടുതല്‍ ഇടം പിടിക്കുന്നത്. രാജ്യത്തിന്റെ ഭാവി സാമ്പത്തികകാര്യങ്ങളെ സംബന്ധിച്ച നിര്‍ണ്ണായക രേഖയാണ് ആ പെട്ടിക്കുള്ളിലുള്ളത്. ഇങ്ങനൊയൊരു പെട്ടി കൊണ്ടു വരുന്നതിന് പിന്നിലൊരു ചരിത്രമുണ്ട്.

ചെറിയ തുകല്‍പെട്ടി എന്ന് അര്‍ത്ഥം വരുന്ന ബുജറ്റ് bougette എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബജറ്റ് എന്ന വാക്ക് വന്നത്. ഇംഗ്ലണ്ടിലാണ് ആദ്യമായി പെട്ടിയുമായി ബജറ്റ് അവതരണത്തിന് എത്തുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ സ്വര്‍ണമുദ്ര പതിച്ച ലെതര്‍ ബാഗുമായി 1860ലാണ് ധനമന്ത്രി വില്യം ഗ്ലാഡ്‌സണ്‍ ബജറ്റ് അവതരണത്തിനെത്തുന്നത്.

ചരിത്രത്തിലെ ഈ ബജറ്റ് അവതരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യയിലും പെട്ടി കൊണ്ടുവന്നത്. ഇന്ത്യയില്‍ 1947ല്‍ നവംബര്‍ 26ന് ബജറ്റ് പെട്ടിയുമായി ആദ്യ ധനമന്ത്രി ആര്‍കെ ഷണ്‍മുഖം ചെട്ടി പാര്‍ലമെന്റിലെത്തി. 1970 മുതലാണ് ഇന്നത്തേതുപോലുള്ള ബജറ്റ് പേപ്പര്‍ കൊണ്ടുവരാന്‍ തുടങ്ങിയത്. പ്രണവ് മുഖര്‍ജിയാണ് ബ്രിട്ടനിലെ ബജറ്റ് പെട്ടിയോട് സാദൃശ്യമുള്ള പെട്ടിയുമായി പാര്‍ലമെന്റിലെത്തിയത്.